നിസ്സാരസഹായങ്ങളുടെ ബ. കൊളേത്താമ്മ

ഉന്നതത്തിൽ വസിക്കുന്ന ദൈവം നിന്‍റെ മാർഗം ശുഭമാക്കും, അവിടുത്തെ ദൂതൻ നിന്നെ കാത്തുകൊള്ളും” എന്ന തിരുവചനം ജീവിതത്തിലുടനീളം ഉദ്ഘോഷിച്ച കൊളേത്താമ്മയുടെ ചരമവാർഷികം ഡിസംബർ 18 നാണ്. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി സ്വയം സമർപ്പിച്ചതായിരുന്നു ആ ജീവിതം. നിസാരകാര്യങ്ങളുടെ സിസ്റ്റർ എന്നറിയപ്പെട്ടിരുന്ന കൊളേത്താമ്മയുടെ മണിയംകുന്നിലെ കബറിടം ഇന്ന് അനേകർക്ക് ആശാകേന്ദ്രമാണ്.


1904 മാർച്ച് 13 ന് ചേർപ്പുങ്കൽ ആരംപുളിക്കൽ തറവാട്ടിലായിരുന്നു ജനനം. മറിയം എന്നായിരുന്നു പേര്. പഠനം പൂർത്തിയാക്കിയ മറിയം കുറച്ചുകാലം വാകമല സെന്‍റ് ജോസഫ്സ് പ്രൈമറി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു. 1932 ൽ മണിയംകുന്ന് സ്കൂളിൽ അധ്യാപികയായി. ക്ലാരമഠത്തിലെ സഹോദരിമാരൊടൊത്ത് താമസം ആരംഭിച്ചു. അവരുടെ പ്രാർഥന, പരസ്പരസ്നേഹം, ത്യാഗജീവിതം, ദീനാനുകന്പ തുടങ്ങിയവ അവളെ സ്വാധീനിച്ചു. 1933 സെപ്റ്റംബർ 11 ന് മറിയം സിസ്റ്റർ കൊളേത്ത എന്ന പുതിയ നാമം സ്വീകരിച്ച് കൊളേത്താമ്മയായി. 1938 ൽ നിത്യവ്രതവാഗ്ദാനം നടത്തി.

1942 മുതൽ വിവിധ രോഗങ്ങൾ കൊളേത്താമ്മയെ അലട്ടിക്കൊണ്ടിരുന്നു. ക്ഷയരോഗമെന്നു സംശയിച്ച് മഠത്തിൽ നിന്നു മാറ്റിത്താമസിപ്പിക്കാൻ അധികാരികൾ തീരുമാനമെടുത്തു. ആദ്യം നെടുങ്ങനാക്കുന്നേൽ പുരയിടത്തിലും പിന്നീടു താഴത്തുചിറയ്ക്കൽ വീട്ടിലും അതിനുശേഷം മങ്ങാട്ടുതാഴെ വീട്ടിലും താമസിപ്പിച്ചു. 1952 ൽ പാണംകുളം പുരയിടം വാങ്ങി രോഗിക്കെട്ടിടം വെഞ്ചരിച്ച് താമസംതുടങ്ങുന്നതുവരെ അമ്മ ഏകയായി കഴിഞ്ഞു.

ദുരിതങ്ങളെ പുഞ്ചിരിയോടെ നേരിടാൻ കഴിഞ്ഞു എന്നതാണു കൊളേത്താമ്മയുടെ പ്രത്യേകത. ഇന്നത്തെ സാഹചര്യത്തിൽ പീഡനമെന്നും ഒറ്റപ്പെടുത്ത ലെന്നും മറ്റും ആരോപിക്കപ്പെടാവുന്ന കാര്യങ്ങളാണ് ആ ജീവിതത്തിൽ സംഭവിച്ചത്. എന്നാൽ എല്ലാറ്റിനെയും ദൈവഹിതമായിക്കണ്ടു സ്നേഹപൂർവം സ്വീകരിക്കാനുള്ള ദൈവകൃപ അമ്മ സ്വന്തമാക്കിയിരുന്നു. കുന്പസാരവും ആത്മീയ ഉപദേശങ്ങളും ആ ജീവിതത്തെ ശക്തിപ്പെടുത്തി.

1952 മുതൽ ദീനമുറിയിൽ സഹോദരങ്ങളോടൊത്തു ജീവിച്ചു. കൊന്ത കൈകളിലേന്തി പ്രാർഥിച്ചു മുറ്റത്തുകൂടി നടക്കുന്ന അമ്മ, മുറ്റത്തെ പുല്ലുപറിച്ചു നീക്കിയും മുറ്റം ഭംഗിയാക്കിയും ജീവിതത്തെ സജീവമാക്കി. തന്‍റെ രോഗപീഡകൾ, ഏകാന്തത, തിരസ്കരണങ്ങൾ തുടങ്ങിയയെല്ലാം സഹിച്ച് മിഷനറിമാർക്കുവേണ്ടി കാഴ്ചവയ്ക്കാൻ അമ്മ ഏറെ ഉത്സുകയായിരുന്നു. ദിവ്യകാരുണ്യ ഈശോയോട് കൊളേത്താമ്മ അതീവ ഭക്തി പുലർത്തി. തനിക്കു സാധിക്കുന്ന ചെറിയ സഹായങ്ങൾ മറ്റുള്ളവർക്കു ചെയ്തുകൊടുക്കാൻ അമ്മ വളരെയേറെ ശ്രദ്ധിച്ചു.

നാലുവർഷം കഴിഞ്ഞപ്പോൾ രോഗം ക്ഷയമല്ല എന്നു പരിശോധനയിൽ തെളിഞ്ഞു. എങ്കിലും നിരന്തരമായ ശ്വാസംമുട്ടലും കിതപ്പും ഞരന്പുവേദനയും ശമിക്കാതെ മരണം വരെ ചികിത്സയിലും സഹനത്തിലുമാണ് അമ്മ കഴിച്ചുകൂട്ടിയത്. അമ്മയുടെ അടുക്കൽ സഹായം യാചിച്ച് എത്തിയവർക്കെല്ലാം പ്രാർഥനയിലൂടെ അമ്മ താങ്ങായി മാറി. 1984 ഡിസംബർ 18ന് ആ ഇഹലോകവാസത്തിന് അന്ത്യമായി.

പ്രതികൂല സാഹചര്യങ്ങളിലും ദൈവകരങ്ങൾ ദർശിച്ച്, അനശ്വരമായ സ്വർഗത്തെ ലക്ഷ്യമാക്കി സന്തോഷത്തോടെ മുന്നേറിയ കൊളേത്താമ്മയുടെ ജീവിതം ഒരു മാതൃകയാണ്. ഡിസംബർ 18ന് അമ്മയുടെ ചരമവാർഷികം കോവിഡിന്‍റെ പശ്ചാത്തലത്തിൽ ലളിതമായി ആചരിക്കുന്നു. മണിയംകുന്ന് പള്ളിയിൽ രാവിലെ 10.30 ന് ദിവ്യബലിയും തുടർന്ന് ഒപ്പീസും ഉണ്ടായിരിക്കും.