എനിക്ക് മൂന്നു നാലു വർഷമായിട്ടു ഭയങ്കര നടുവു വേദനയായിരുന്നു. എന്റെ ഭർത്താവ് കൊളേത്താമ്മയുടെ ചരമ വാർഷികത്തിന് മണിയംകുന്നിൽ പോയപ്പോൾ അമ്മയുടെ ഒരു പടം ലഭിച്ചു. പടത്തിന് പിറകിൽ ഒരു പ്രാർത്ഥനയുണ്ടായിരുന്നു. ആ പ്രാർത്ഥന എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് ഞാൻ ചൊല്ലിയിരുന്നു. ഒരു ദിവസം അമ്മയെ ഞാൻ സ്വപ്നത്തിൽ കണ്ടു. അമ്മ എന്നോട് പറഞ്ഞു: "ഇനി ഒരു വേദനയും നിനക്കുണ്ടാവുകയില്ല. നല്ലതുപോലെ നേരെ നടക്കാൻ സാധിക്കും." പിന്നീട് എനിക്ക് നടുവു വേദനയുണ്ടായിട്ടില്ല. വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ സാധിക്കുന്നുണ്ട്. അമ്മവഴി ദൈവം തന്ന അനുഗ്രഹത്തിന് നന്ദി.
എന്റെ മകൾ ജോസ്നാ, നാലാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ചെരുപ്പിന്റെ അലർജി മൂലം കാലിന്റെ അകവശം മുഴുവൻ വിണ്ടുകീറുകയും പഴുത്തൊലിക്കുകയും ചെയ്തു. അനേകം ഡോക്ടർമാരെ മാറി മാറി കാണിച്ചു. ഒരു ഫലവുമുണ്ടായില്ല. ഏതാണ്ടു നാലുവർഷത്തോളം ഈ അവസ്ഥ നീണ്ടുനിന്നു. ഒരു ദിവസം ഞങ്ങൾ മണിയംകുന്ന് മഠത്തിൽ ബ.കൊളേത്താമ്മയുടെ കബറിടത്തിൽ ജോസ്നായെ കൊണ്ടുപോകുകയും വളരെ പ്രതീക്ഷയോടെ പ്രാർത്ഥിച്ചുകൊണ്ട് കബറിടത്തിൽ കാൽ വയ്ക്കുകയും ചെയ്തു. പിറ്റെ ദിവസം മുതൽ വ്രണം കരിയാൻ തുടങ്ങി. കാലിൽ രോഗം വന്നതിന്റെ ഒരടയാലം പോലും ഇപ്പോഴില്ല. ദൈവമേ നന്ദി.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായിട്ടും സന്താന ഭാഗ്യം ലഭിച്ചില്ല. ബ. കൊളേത്താമ്മയുടെ കബറിടത്തിൽ പോയി പ്രാർത്ഥിക്കുകയും ഞങ്ങളുടെ വിവാഹ വാർഷികം മണിയംകുന്ന് നിർമ്മല ഭവനിൽ വച്ച് ആഘോഷിക്കുകയും ചെയ്തു. ഏതാനും മാസം കഴിഞ്ഞപ്പോൾ ഭാര്യ ഗർഭിണിയാവുകയും ഒരു ആൺ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ദൈവമേ നന്ദി.